Saturday 12 May 2012



മുക്കത്തെ സിനിമ
അകവും പുറവും
              മുക്കം ഇന്ന് പട്ടണമാണ്. നാഗരിഗതയുടെ എല്ലാ ഗുണദോഷങ്ങളും പേറുന്നു. എങ്കിലും ഇന്നത്തെ മുതിര്‍ന്ന തലമുറയുടെ ഉള്ളിലുണ്ട് ആ പഴയ ചെറിയ മുക്കത്തിന്റെ നി‍ഷ്കളങ്കമായ ഗ്രാമീണഭംഗിയുടെ ഓര്‍മകള്‍. പുഴയില്‍ അര്‍ദ്ധനിമഞ്ജനം ചെയ്യുന്ന ശിവക്ഷേത്രം, പഴയ ചന്ത, അവിടെ പലവ്യഞ്ജനങ്ങളുമായി എത്തിയിരുന്ന കച്ചവടക്കാര്‍, ഹാന്‍ഡ്ല്‍ ഉപയോഗിച്ച് കറക്കി സ്റ്റാര്‍ട്ട് ചെയ്തിരുന്ന ലോറിയുടേതു പോലെ കൂര്‍ത്ത മുഖമുള്ള ബസ്- കരിവണ്ടി, പുഴയോട് ചേര്‍ന്ന് അക്കരെയും ഇക്കരെയുമുള്ള ഏതാനും നമ്പൂതിരി ഇല്ലങ്ങള്‍, കല്ലായിലേക്ക് പുഴയിലൂടെ ഒഴുകിയിരുന്ന മരങ്ങളുടെ കൂറ്റന്‍ തെരപ്പം, കടത്തുതോണികള്‍, പിന്നെയും പിന്നെയും ഉപജീവനം തേടി മുക്കത്തെത്തിയ കുടുംബനാഥന്‍മാര്‍, പിന്നാലെ വന്ന കുടുംബാംഗങ്ങള്‍. എല്ലാവരും അന്യോന്യം അറിയുന്നവര്‍. ഇന്നത്തെപ്പോലെ അപരിചിതരില്ലാത്ത മുക്കം. എല്ലാം എല്ലാം... കലണ്ടറൊപ്പിച്ചുള്ളതല്ലാത്ത ആ ഓര്‍മ്മകളുടെ ഒടുവിലെ കണ്ണിയായ് എത്തിയ സിനിമ.
           കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ വേരുകളുള്ള, കര്‍മ മണ്ഡലത്തിന്റെ പേരില്‍ 'കല്‍പ്പറ്റ വാസു' എന്നറിയപ്പെട്ടിരുന്ന കെ. കെ. വാസു 1950കളുടെ ആരംഭത്തില്‍ മുക്കം വയനാട് ടാക്കീസ് എന്ന പേരില്‍ ഒരു ടൂറിംഗ് ടാക്കീസ് മുക്കത്ത് പഴയ ചന്തയോട് (ഇന്നത്തെ ബസ്റ്റാന്റിനോട്) ചേര്‍ന്ന സ്ഥലത്ത് ആരംഭിച്ചു. ചായപ്പൊടിക്കച്ചവടവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഇടക്കിടെ പോയിവന്നിരുന്ന മുക്കത്ത് വീട്ടില്‍ തെയ്യനുമായുള്ള സൗഹൃദമാണ് കെ. കെ. വാസുവിനെ മുക്കത്തെത്തിച്ചത്. വൈദ്യുതി ഇല്ലാതിരുന്ന അന്ന് ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം നടത്തിയിരുന്നത്. മുക്കത്ത് ആദ്യമായി ചലിക്കുന്ന, ശബ്ദിക്കുന്ന ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടവരില്‍ ഇന്നവശേഷിക്കുന്ന പഴയ മനസുകളിലൊന്നും തന്നെ ആ താല്‍ക്കാലിക സിനിമാശാലയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രമേതെന്ന് ഓര്‍മ്മയില്ല. നല്ല തങ്ക, പാതാളഭൈരവി, രാജരാജേശ്വരി... തുടങ്ങി അന്ന് തമിഴും മലയാളവും സംസാരിച്ച ഒരു പിടി ചിത്രങ്ങളുടെ അവ്യക്ത സ്മരണകള്‍ പലരിലുമുണ്ട്.
               കുറഞ്ഞ കാലമേ വയനാട് ടാക്കീസ് അവിടെ പ്രവര്‍ത്തിച്ചുള്ളു. ഇതിനിടെ വയലില്‍ മമ്മദ്ഹാജി ആ സ്ഥലം വാങ്ങി. ഇന്നും ആ സ്ഥലത്ത് നില്‍ക്കുന്ന വീടിനെ 'സിനിമാളില്‍' എന്ന പേര് വിളിച്ചുകൊണ്ട് മുക്കത്തുകാര്‍ ആദ്യപ്രദര്‍ശനശാലയുടെ ഓര്‍മ നിലനിര്‍ത്തുന്നു.
               വയനാട് ടാക്കീസ് വീണ്ടും കെട്ടിപ്പൊക്കാന്‍ കെ. കെ. വാസുവിനെ മുക്കത്ത് വീട്ടില്‍ തെയ്യന്‍ സഹായിച്ചു. തന്റെ ബന്ധുവായ എരഞ്ഞന്‍കണ്ടിയില്‍ കോരപ്പന്റെ ഉടമസ്ഥതയിലുള്ള താലപ്പൊലിക്കാവില്‍ എന്ന പേരുള്ള പറമ്പില്‍ - ഇന്ന് പി. സി. ടാക്കീസ് നില്‍ക്കുന്ന സ്ഥലം - വയനാട് ടാക്കീസ് രണ്ട് പേരും ചേര്‍ന്ന് പുനരാരംഭിച്ചു. എം. ജി. ആര്‍ അഭിനയിച്ച 'ജനോവ'യായിരുന്നു ആദ്യചിത്രം.
അന്ന് താല്‍ക്കാലിക സിനിമാശാലകള്‍ക്ക് ഒന്‍പതു മാസം മാത്രമേ ലൈസന്‍സ് ലഭിക്കൂ. ഇടവം മുതല്‍ കര്‍ക്കിടകം വരെയുള്ള മൂന്നുമാസക്കാലം സിനിമ നിര്‍ത്തിവെക്കും. അത്തരമൊരു ഇടവേളയില്‍ കെ. കെ. വാസു തന്റെ ടാക്കീസ് താമരശ്ശേരിയിലേക്ക് മാറ്റി. ഇന്നും അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ താമരശ്ശേരിയില്‍ ചലച്ചിത്രപ്രദര്‍ശനരംഗത്ത് നിലനില്‍ക്കുന്നു.

      ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1963ല്‍ കോഴിക്കോട്ടുകാരന്‍ കുപ്പയില്‍ നാരായണന്‍ പ്രസാദ് ടാക്കീസ് എന്ന പേരില്‍ താലപ്പൊലിക്കാവില്‍ വീണ്ടും സിനിമ തുടങ്ങി. രണ്ടു വര്‍ഷത്തിനുശേഷം കൊറ്റങ്ങല്‍ ശ്രീനിവാസന്‍ അതേറ്റെടുത്ത് ശാസ്താ ടാക്കീസാക്കി. 1967ല്‍ അദ്ദേഹം ബന്ധുവായ പി. സി. അരവിന്ദാക്ഷന് അത് കൈമാറി. മുക്കത്തെ ഒരു തലമുറയുടെ മനസില്‍ ചലച്ചിത്രത്തെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയില്‍ ആദ്യം തെളിയുന്ന ചിത്രമായ പി. സി. ടാക്കീസ് ഇന്നും നിലനില്‍ക്കുന്നു; കാലം വരുത്തിയ മാറ്റങ്ങളുമായി.
           1978ല്‍ അഭിലാ‍ഷ് തിയേറ്ററും 1994 ല്‍ അഗസ്ത്യന്‍മുഴിയില്‍ റോസ് സിനി പാലസും 1995 ല്‍ കാരശ്ശേരി ജംഗ്ഷനടുത്ത് സരിഗമ തിയേറ്ററും 2011 ഡിസംബറില്‍ ലിറ്റില്‍ റോസും പ്രവര്‍ത്തനമാരംഭിച്ചു. ഇടക്കാലത്തുണ്ടായ കടുത്ത സിനിമാ പ്രതിസന്ധിയെ തരണം ചെയ്യാനാവാതെ 2007ല്‍ സരിഗമ തിയേറ്റര്‍ അടച്ചു പൂട്ടേണ്ടി വന്നു.

            സിനിമയുടെ വസന്തകാലമായിരുന്ന അറുപതുകളില്‍ തന്നെ സിനിമാ ചിത്രീകരണത്തിന് പാശ്ചാത്തലമാവാന്‍ മുക്കത്തിനു കഴി‍ഞ്ഞു. 1964ല്‍ 'കുട്ടിക്കുപ്പായ'ത്തിലെ
'ഇന്നെന്റെ കരളിലെ...' എന്ന ഗാനരംഗവും 1965ല്‍ 'കടത്തുകാര'നിലെ ചില രംഗങ്ങളും ചിത്രീകരിച്ചത് മുക്കത്തുവെച്ചാണ്. എം. കൃഷ്ണന്‍ നായരായിരുന്നു രണ്ടു ചിത്രങ്ങളുടെയും സംവിധായകന്‍. സത്യന്‍, ഷീല, അംബിക, അടൂര്‍ ഭാസി തുടങ്ങിയ അഭ്രലോകത്തെ നക്ഷത്രങ്ങളെ മുക്കത്തുകാര്‍ ആദ്യമായ് അടുത്ത് കണ്ടു. മുക്കത്തെ പാശ്ചാത്തലമാക്കി
എസ്. കെ. പൊറ്റക്കാട് എഴുതിയ 'നാടന്‍പ്രേമം' സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ 1971ല്‍ സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി ലൊക്കേഷനായി തിര‍ഞ്ഞെടുത്തത് മുക്കം തന്നെയാണ്. ആ ചിത്രത്തിലെ ഔട്ഡോര്‍ രംഗങ്ങള്‍ ഏകദേശം പൂര്‍ണ്ണമായി തന്നെ മുക്കത്ത് ചിത്രീകരിച്ചു. മധുവും കെ. പി. ഉമ്മറും അടൂര്‍ ഭാസിയും ശങ്കരാടിയും ഷീലയും പ്രേമയുമെല്ലാം പങ്കെടുത്ത ആ ചിത്രീകരണം മുക്കത്തുകാര്‍ക്കൊരാഘോഷമായിരുന്നു.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
ചുവന്ന വിത്തുകള്‍
                                                                          മുക്കമെന്ന ചെറുഗ്രാമത്തിന് മലയാള സിനിമാചരിത്രത്തില്‍ ഒരു ഇടം നേടിത്തന്നത് നിര്‍മാതാവും നടനും സിനിമാനിരൂപകനുമൊക്കെയായിരുന്ന അന്തരിച്ച ‍‍ശ്രീ. സലാം കാരശ്ശേരിയാണ്. 1972ല്‍ അദ്ദേഹം നവധാര മൂവീമേക്കേഴ്സ് എന്ന ചലച്ചിത്രസ്ഥാപനം ആരംഭിച്ചു. ആദ്യചിത്രം 'ചുഴി'. തുടര്‍ന്ന് 1975ല്‍ സ്വന്തം തിരക്കഥയില്‍ 'ക്രിമിനല്‍സ് 'എന്ന ചിത്രം നിര്‍മ്മിച്ച് അഭിനയിച്ചു. 1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത 'ചുവന്ന വിത്തുകള്‍ 'എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തോടെയാണ് സലാം കാരശ്ശേരി നിര്‍മ്മാതാവെന്ന നിലയില്‍ വ്യത്യസ്തനാവുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റ‍വും നല്ല
രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് 'ചുവന്ന വിത്തുകള്‍ക്ക് ലഭിച്ചു. തുടര്‍ന്ന് 1979ല്‍ 'സംഘഗാന'വും 'പതിനാലാംരാവ് 'ഉം കൂടി നിര്‍മ്മിച്ചതോടെ നല്ല സിനിമയെ സ്നേഹിക്കുന്ന നിര്‍മാതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. പതിനാലാം രാവിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് മുക്കത്തുവെച്ചാണ്. മൊയ്തു മൗലവിയുടെ ജീവിതത്തെ ആസ്പദമാക്കി 'നൂറ്റാണ്ടിന്റെ സാക്ഷി '(1992)എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1995ല്‍ ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത 'ഓര്‍മകള്‍ ഉണ്ടായിരിക്കണം' ആണ് സലാം കാരശ്ശേരി അവസാനമായി നിര്‍മ്മിച്ച ചിത്രം. ആ സിനിമയും മുക്കത്തു വെച്ചാണ് പൂര്‍ണമായും ചിത്രീകരിച്ചത്.

             മുക്കത്തെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മറ്റൊരു വ്യക്തി മുക്കത്തുകാര്‍ എന്നും ആദരവോടെ ഓര്‍ക്കുന്ന ശ്രീ. വി. പി. മൊയിതീനാണ്. കുട്ടിക്കുപ്പായത്തിന്റെയും കടത്തുകാരന്റെയും നാടന്‍പ്രേമത്തിന്റെയും ചിത്രീകരണത്തില്‍ വി. പി. മൊയിതീന്റെ സഹകരണം ഉണ്ടായിരുന്നു. എഴുപതുകളില്‍ 'നിഴലേ നീ സാക്ഷി' ,'ഇന്ത്യാ നീ സുന്ദരി' എന്നീ അപൂര്‍ണചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. 1981ല്‍ റിലീസ് ചെയ്ത 'അഭിനയം' ഇടയ്കുവെച്ച് മുടങ്ങിപ്പോയിരുന്നെങ്കിലും നായകനായിരുന്ന ജയന്റെ അപ്രതീക്ഷിത മരണശേഷമുണ്ടായ തരംഗത്തില്‍ വിതരണക്കാരുടെ സഹായത്താലാണ് പൂര്‍ത്തിയാക്കാനായത്. തുടര്‍ന്നും പല സ്വപ്നപദ്ധതികളും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും സമ്പത്തുപോലെതന്നെ ആയുസ്സും അദ്ദേഹത്തെ അതിനനുവദിച്ചില്ല.

        മുക്കത്തുവെച്ച് ചിത്രീകരിക്കപ്പെട്ട സിനിമകള്‍ നിരവധിയാണ്. . വി. ശശിയുടെ അഹിംസ, അബ്കാരി, മിഥ്യ എന്നീ ചിത്രങ്ങളിലെ ചില ഭാഗങ്ങള്‍ മുക്കത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരിക്കപ്പെട്ടത്. സുനില്‍ കാരന്തൂരിന്റെ 'ആലഞ്ചേരി തമ്പ്രാക്ക'ളും ജയന്‍ വര്‍ക്കലയുടെ 'വാനരസേന'യും ഗോപി മണാശ്ശേരി നിര്‍മ്മിച്ച 'സുല്‍ത്താനും ' പൂര്‍ണമായും ചിത്രീകരിച്ചത് മുക്കത്തുവെച്ചാണ് . രാജന്‍ പി ദേവിന്റെ 'അച്ഛന്റെ കൊച്ചുമോള്‍ ', മനോജ് കെ ജയന്‍ നായകനായ 'പഞ്ചലോഹം ' എന്നീ ചിത്രങ്ങളും ഭാഗികമായി മുക്കത്തുവെച്ച് ചിത്രീകരിക്കപ്പെട്ടവയാണ്. പ്രിയദര്‍ശന്റെ 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലെ 'ഒന്നാം കിളി 'എന്ന് തുടങ്ങുന്ന ഗാനരംഗത്തിന്റെ പാശ്ചാത്തലവും മുക്കമാണ്. രഞ്ജിത്തിന്റെ 'പാലേരി മാണിക്യ'ത്തിന്റെ ചിത്രീകരണവും മുക്കത്തായിരുന്നു. അവസാനമായി മുക്കത്ത്  ചിത്രീകരണം നടന്നത് പി. ടി. കുഞ്ഞുമുഹമ്മദിന്റെ വീരപുത്രനുവേണ്ടിയാണ്.
            കേവല വിനോദോപാധി എന്നതില്‍ കവിഞ്ഞ് ഗൗരവത്തോടെ സിനിമയെ സമീപിച്ചിരുന്ന നല്ലൊരു ശതമാനം പ്രേക്ഷകര്‍ മുക്കത്തുണ്ടായിരുന്നു എന്നതിന് തെളിവാണ് 1979ല്‍ സ്ഥാപിതമായ ചേതനാ ഫിലീം സൊസൈറ്റി. തുടര്‍ച്ചായി നല്ല ചിത്രങ്ങള്‍ കാണാനവസരമുണ്ടാക്കുക, ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുക, ചലച്ചിത്ര സംവാദങ്ങള്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നല്ല ചലച്ചിത്രാവബോധം വളര്‍ത്താനാവൂയെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായി. തിരുവനന്തപുരത്ത് ഇന്നും നിലനില്‍ക്കുന്ന സുര്യ ഫിലീം സൊസൈറ്റിക്കൊപ്പമാണ് ചേതനയ്കും അഫിലിയേഷന്‍ ലഭിച്ചത്. ഫെഡറേഷന്‍ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ അംഗീകാരം ആദ്യമായി ഒരു ഗ്രാമത്തില്‍ ലഭിച്ചത് ചേതനയ്കാണ്.


എണ്‍പതുകള്‍ക്കുശേഷം കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ചേതന നടത്തിയിട്ടില്ല.

         വര്‍ഷങ്ങള്‍ക്കു ശേഷം ഉത്തമ ചലച്ചിത്രാസ്വാദകരുടെ വിരളതയെക്കുറിച് ആകുലപ്പെട്ട
ഒരുകൂട്ടം ചെറുപ്പക്കാര്‍ മൂന്നാംകണ്ണ് എന്ന പേരില്‍ ഒരു പുതിയ ഫിലീം സൊസൈറ്റി ആരംഭിച്ചു. ഒരു ദശാബ്ധത്തിലേറെ മുക്കത്തിന്റ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അവര്‍. നിരവധി ചലച്ചിത്രോത്സവങ്ങളും സംവാദങ്ങളും സംഘടിപ്പിക്കാന്‍ അവര്‍ക്കായി. ലോക ക്ലാസിക്ക് സിനിമകള്‍ മുഴുവന്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന ഇന്നത്തെ കാലത്ത് ഫിലീം സൊസൈറ്റികള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാതായിരിക്കുന്നു.

           രണ്ടായിരാമാണ്ടില്‍ സലാം കാരശ്ശേരിയുടെ ഓര്‍മയ്കായി ഒരു ഫിലീം സൊസൈറ്റി കൂടി
മുക്കത്ത് തുടങ്ങി. പ്രസിദ്ധ നടന്‍ ശ്രീനിവാസനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തെ തുടര്‍ന്ന് വിപുലമായ പരിപാടികള്‍ നടത്തിയെങ്കിലും എന്തുകൊണ്ടോ കാര്യമായ പ്രവര്‍ത്തനമൊന്നും തുടര്‍ന്നുണ്ടായില്ല.

            മുക്കത്തിന്റെ സിനിമാചരിത്രം എഴുതുമ്പോള്‍ ഓര്‍ക്കേണ്ട ഏതാനും പേരുകള്‍ കൂടിയുണ്ട്.
നാടകകൃത്തും തിരക്കഥാകൃത്തും നടനും കവിയും കഥാകാരനുമെല്ലാമായിരുന്ന സുരുസു തന്റെ
ജീവിതത്തിന്റെ മധ്യാങ്കം ആടിത്തീര്‍ത്തത് മുക്കത്തായിരുന്നു. അവസരങ്ങള്‍ തേടി സിനിമാ നഗരങ്ങളില്‍ ചെന്നലയാന്‍ കഴിയാതെപോയതിനാല്‍ അവസരങ്ങള്‍ ലഭിക്കാതെ ശ്രദ്ധിക്കപ്പെടാതെപോയ കഴിവുറ്റ നിരവധി കലാകാരന്മാര്‍ മുക്കത്തുണ്ട്. നാടകവും സിനിമയും എഴുത്തും എല്ലാം ഒന്നിച്ചു കൊണ്ടുപോകന്ന മുക്കം ഭാസി, ഉപജീവനത്തിന് തയ്യല്‍ജോലിയും മനസംതൃപ്തിക്ക് നാടകവുമായി കഴി‍ഞ്ഞ ദാസേട്ടന്‍, അശോകന്‍ മാസ്റ്റര്‍,
കൊല്ലാര്‍കണ്ടി ഗോപാലന്‍, സലാം നടുക്കണ്ടി, സി. അലവി, സി. ശ്രീധരന്‍, മുക്കം വിജയന്‍, അംബുജം തുടങ്ങി അറിയുന്നവരും അല്ലാത്തവരുമായ ഒരുപാട് കലാസ്നേഹികള്‍.

              ഇവരെ കൂടാതെ ചലച്ചിത്രലോകം നന്ദിയോടെ സ്മരിക്കേണ്ട ഒരു വിഭാഗം കൂടിയുണ്ട്. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ വയനാട് ടാക്കീസില്‍ സിനിമ കണ്ടു തുടങ്ങി ഇന്നും മുടങ്ങാതെ എല്ലാ ചിത്രവും കാണുന്ന വിരലിലെണ്ണാവുന്ന ചിലര്‍. അവരുടെ ചിതറിക്കിടക്കുന്ന ഓര്‍മകളുടെ ഏകീകരണമാണ് ഈ ലേഖനം പോലും. ഏഴാം കലയുടെ
ഈ കടുത്ത പ്രണയികള്‍ വേദനയോടെ ഓര്‍ക്കുന്നു, വയനാട് ടാക്കീസിലെ മൈലുകളോളം അകലെ കേള്‍ക്കുന്ന ജനറേറ്ററിന്റെ കാതടപ്പിക്കുന്ന ശബ്ദം, റിക്കാര്‍ഡില്‍ വര വീണാല്‍ വരികള്‍ ആവര്‍ത്തിച്ചിരുന്ന ടാക്കീസിലെ പഴയ ഗ്രാമഫോണ്‍, അതില്‍നിന്ന് കേട്ടു പഠിച്ച പഴയ തമിഴ് ഹിന്ദി ഗാനങ്ങള്‍, തിക്കിത്തിരക്കി ടിക്കറ്റെടുത്ത് വെറുംതറയിലും ബെഞ്ചിലുമിരുന്ന് അത്ഭുതാദരവോടെ കണ്ട വീരനായകര്‍, ഇടയ്കിടെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്തിയിരുന്ന ഫിലീം പൊട്ടല്‍, വൈദ്യുതി നിലയ്ക്കല്‍, ഇടവേളകളില്‍ ഹാളിനകത്ത് കടലയും സോഡയും പാട്ടുപുസ്തകവും വിറ്റിരുന്ന കുട്ടികള്‍, ശിവരാത്രിയ്ക്കും തിരുവാതിരയ്ക്കും നേരം പുലരുംവരെ തുടരുന്ന പ്രദര്‍ശനങ്ങള്‍.....എല്ലാം എല്ലാം....ഇങ്ങിനി വരാത്തവണ്ണം കാലത്തിനക്കരെ മറഞ്ഞിരിക്കുന്നു.

                                                                          -    ഷിംജി. പി. സി.
   

Sunday 15 April 2012


 
ആത്മാവില്‍ കുത്തിക്കെടുത്തിയ ചൂട്ട്
                                                                                                        അനില്‍ കുരുടത്ത്                                                                                                  
    •   കെട്ടിന്റെ മുറുക്കത്തിനടുത്ത് കത്തിയെരിഞ്ഞു തീര്‍ന്ന ചൂട്ട്. കെടാന്‍കൂട്ടാക്കാതെ നില്‍ക്കുന്ന അതിന്റെ ഈര്‍ക്കില്‍ തുമ്പിലാണ് ഓര്‍മ്മയുടെ കനലെരിയുന്നത്. ആ ചൂട്ട് വാങ്ങിയത് ആമിനത്താത്തയുടെ ഉമ്മയുടെ കയ്യില്‍ നിന്നായിരുന്നു. അത്രയേ എനിക്കവരെപ്പറ്റി അറിയൂ. അവര്‍ക്ക് ചൂട്ടുകച്ചവടമുണ്ടായിരുന്നു. മുക്കം പി. സി. ടാക്കീസില്‍നിന്ന് ഒന്നാം കളിയും രണ്ടാം കളിയും കഴിഞ്ഞു വരുന്നവര്‍ അവരോട് ചൂട്ട് വാങ്ങിയിരുന്നു. പി.സി റോഡിന്റെ ഓരത്തിരുന്നാണ് അവര്‍ ചൂട്ട് വിറ്റിരുന്നത്. അന്ന് ആ റോഡിന് ഈ പേരായിരുന്നോ എന്നറിയില്ല.

വീട്ടുകാര്‍ക്കൊപ്പം പി.സി.യില്‍നിന്ന് സിനിമ കണ്ട് ഇറങ്ങിവരുമ്പോള്‍ ചൂട്ട് വാങ്ങാറുണ്ടായിരുന്നു. വീട്ടുമുറ്റം വരെ ഇരുട്ടിനെ വകഞ്ഞുമാറ്റി നടക്കും. ചൂട്ട് മുറ്റത്ത് കുത്തിക്കെടുത്തി വീടിനകത്തുകയറും. തിരി‍‍ഞ്ഞുനോക്കിയാല്‍ ആ ചൂട്ടിന്‍തുമ്പത്ത് പിന്നെയും കനലെരിയുന്നതു കാണാം. അതിന്റെ ഇത്തിരിവെട്ടം പോലെ മുക്കം പി.സി. മുക്കത്തുകാരന്റെ മനസ്സിലുണ്ട്. അവന്റെ പരിണാമത്തിന് സാക്ഷ്യം വഹിച്ച ആ സിനിമാശാല പഴമയുടെ ചില അടയാളങ്ങളെങ്കിലും അവശേഷിപ്പിച്ച് ഇപ്പോഴുമുണ്ട്.

എങ്ങനെയാണ് നാട്ടിലെ സിനിമാശാല ജനതയുടെ ജീവിതത്തില്‍ ഇടപെടുന്നതെന്ന് എനിക്ക് കാണിച്ചു തന്നത് 'സിനിമാ പാരഡൈസൊ' എന്നൊരു വിദേശ സിനിമയാണ്. മുക്കം പി.സി മുക്കത്തുകാരുടെ ആത്മാവില്‍ എങ്ങനെയായിരിക്കാം വേരോടിക്കുക എന്നൊരു ചിന്തയും അപ്പോഴുണ്ടായി.

കളിപ്പാട്ടങ്ങളില്‍ കൗതുകമുണര്‍ത്തുന്ന കൊച്ചുനാളുകളില്‍ തന്നെ പി.സിയെ ഞാന്‍ അറിഞ്ഞു തുടങ്ങിയിരുന്നു. പേരറിയാത്ത സിനിമകളിലെ കളിപ്പാട്ടങ്ങളിലും കൊതിയൂറുന്ന ഭക്ഷണ സമൃദ്ധിയിലുമായിരുന്നു എന്റെ കണ്ണ്. ഭക്ഷണവും കളിപ്പാട്ടങ്ങളും കണ്ട് കൊതിച്ചു കരയാനുള്ള ഇടമായിരുന്നു അന്നെനിക്ക് പി.സി.

മുക്കത്ത് ഹാജ്യാരുടെ കടയില്‍നിന്ന് വാങ്ങിയ ഒരു തകരപ്പെട്ടിയുണ്ടായിരുന്നു വീട്ടില്‍. അതു നിറയെ പച്ചയും ചുവപ്പും നീലയും വയലറ്റും നിറങ്ങളിലുള്ള സിനിമാനോട്ടീസുകളായിരുന്നു. എല്ലാം മുക്കം പി.സിയില്‍ കളിച്ചിരുന്ന സിനിമകളുടേത്. അതെനക്ക് എന്റെ പുസ്തകങ്ങള്‍ പോലെതന്നെ പ്രിയപ്പെട്ടതായിരുന്നു. ഏറെ കഷ്ടപ്പെട്ട് കരസ്ഥമാക്കുന്നവയായിരുന്നു ഓരോ നോട്ടിസും. സിനിമ മാറിയ വിവരം ഓരോ കവലയിലും ചെന്ന് ചെണ്ടകൊട്ടി അറിയിച്ചിരുന്ന കാലമായിരുന്നു അത്. വിളിച്ചറിയിക്കലുകാരന്റെ പിന്നാലെ രണ്ടു കിലോമീറ്ററെങ്കിലും ഓടിയാലേ ഒരു നോട്ടീസ് കിട്ടൂ. കുട്ടികള്‍ക്കെന്തിന് സിനിമാനോട്ടീസ് എന്നായിരിക്കണം ചെണ്ടകൊട്ടുകാരന്‍ ചിന്തിച്ചിരുന്നത്. സത്യനും പ്രേംനസീറും മധുവും സോമനും രാഘവനും സുധീറും വിന്‍സെന്റും ജയനുമൊക്കെയായി മലയാളസിനിമ വേഷം മാറിയ ചരിത്രം പല നിറങ്ങളിലുള്ള നോട്ടീസുകളായി ഏറെക്കാലം പെട്ടിയില്‍ കിടന്നു.

ബാല്യത്തില്‍ പി.സി എനിക്കു സമ്മാനിച്ചത് മനസ്സു നിറയെ വ്യസനങ്ങളായിരുന്നു. മുതിര്‍ന്നെന്ന തോന്നലുമായി വീട്ടുകാര്‍ക്കൊപ്പം ബാല്യത്തിന്റെ ശാഠ്യവുമായി പി.സിയിലെ ഉഷ്ണത്തിലിരുന്നിട്ടുണ്ട്. കഥാപാത്രങ്ങളുടെ വേദനയില്‍ മനം നൊന്തു. ' ദേവദാസും ' 'രമണനും ' 'ലൈലാമജ്നു'വും 'ബാബുമോനും' 'യത്തീ'മുമെല്ലാം മനസ്സിനെ വേദനിപ്പിച്ചു. ആരും കാണാതെ കരയണമെന്ന് കരുതിയിട്ടും മറ്റുള്ളവര്‍ കണ്ടുപിടിച്ചു.

അന്ന് നാലു ഭാഗങ്ങളായാണ് സിനിമ കളിച്ചിരുന്നത്. മൂന്ന് ഇടവേളകളുണ്ടാകും. ഇടവേളകളില്‍ പാട്ടുപുസ്തകങ്ങളും കടലയും കൊണ്ടുനടന്ന് വില്‍ക്കുമായിരുന്നു. ഇടവേളകളിലെ കരച്ചിലുകള്‍ പാട്ടുപുസ്തകങ്ങള്‍ക്കുവേണ്ടിയുള്ളതായിരുന്നു. അത് പരസ്യമായ കരച്ചിലായിരുന്നു. ആ കരച്ചിലിനു മുമ്പില്‍ വീട്ടുകാര്‍ കീഴടങ്ങിയതായി ഓര്‍മ്മയില്ല. കുറച്ചുകൂടി മുതിര്‍ന്ന് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സിനിമയ്ക്കു പോകാറായപ്പോള്‍ പാട്ടുപുസ്തകം വാങ്ങാനുള്ള പൈസയും കയ്യില്‍ കരുതാന്‍ തുടങ്ങി. മുന്‍ബെഞ്ചിലിരുന്ന് പി.സിയെ അടുത്തറിഞ്ഞ കാലമായിരുന്നു അത്.
കൗമാരത്തിന്റെ കുസൃതിയില്‍ പി.സി ആവേശമായി. ഇരിപ്പിടങ്ങളോടുള്ള അഭിനിവേശം. ക്യൂവില്‍ നിന്നും ക്യൂ തെറ്റിച്ചും ഉന്തും തള്ളുമുണ്ടാക്കിയും വിയര്‍ത്തൊലിച്ച് അകത്തുകയറി സിനിമ കണ്ട നാളുകള്‍. എപ്പോഴോ കൂകിവിളിക്കാനും ബെ‍ഞ്ചിലടിച്ച് ഒച്ചയുണ്ടാക്കാനും പഠിച്ചു.

മുക്കത്ത് ഫിലീം സൊസൈറ്റികള്‍ സജീവമായിരുന്ന കാലം. ജനപ്രിയ സിനിമകളെന്നും, ബുദ്ധിജീവി സിനിമകളെന്നും സിനിമകളെ പേരിട്ടു വിളിക്കാന്‍ അറിയാത്ത സമയം. മുക്കം ഹൈസ്കൂളില്‍ നിന്ന് മറ്റുകുട്ടികള്‍ക്കൊപ്പം വരിവരിയായി നടന്നുവന്ന് അദ്ധ്യാപകരുടെ മുന്നില്‍ അനുസരണയോടെ പി.സിയില്‍ കയറി നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ' ഉത്തരായണ'വും 'സ്വയംവര'വും 'കുമ്മാട്ടി'യുമൊക്കെ കണ്ടിട്ടുണ്ട്. തിരിച്ചറിവു വളരുന്ന കാലത്തിനു മുന്‍പുതന്നെ നല്ല സിനിമകള്‍ കാണാന്‍ ഭാഗ്യമുണ്ടായത് മുക്കത്തു പിറന്നതുകൊണ്ട് മാത്രമായിരിക്കണം.

യൗവനം ത്രസിച്ചതും പ്രണയം ചേക്കേറിയതും കാലത്തെ അടുത്തറിഞ്ഞതും പി.സിയില്‍നിന്നായിരുന്നില്ലേ? കരുണയുടെയും സ്നേഹത്തിന്റെയും നെയ്ത്തിരി മനസ്സില്‍ മുനിഞ്ഞു കത്താന്‍
തുടങ്ങിയത് ഇവിടെ നിന്നല്ലെ? പൊറുക്കാനും സഹായിക്കാനും കഴിയുന്നൊരു മനസ്സ് പാകപ്പെട്ടതും ഇവിടെ നിന്നല്ലെ? മുക്കത്തുകാരാ, നിങ്ങളും എന്നെപ്പോലെയല്ലേ.......?

ഇന്നും പഴയ ദിക്കില്‍ പഴയ മുഖഭാവത്തോടെയല്ലെങ്കിലും പി.സിയുണ്ട്. പുറംലോകത്തിനനുസരിച്ച്
പി.സിയുടെ ആത്മാവ് പാകപ്പെട്ടു. ഉഷ്ണത്തിലേക്ക് ഓട്ടവെയില്‍ വീഴുന്ന പകലുകളില്ല. മഴ പെയ്താല്‍ കുട ചൂടേണ്ട കാര്യമില്ല. അസൗകര്യങ്ങളുടെ ഇരിപ്പിടങ്ങളും കാലം മാറ്റി. മൂട്ടകള്‍ കുടിയേറിയ ബെഞ്ചുകള്‍ കസേരകള്‍ക്ക് വഴിമാറി. ജാതി ചോദിക്കാതെ, പറയാതെ ചോര കുടിച്ച് വിശപ്പടക്കിയ മതേതര മൂട്ടകള്‍ക്ക്
എന്തു പറ്റിയിട്ടുണ്ടാകും? ജാതി ചുവയ്ക്കുന്ന ചിലരുടെ ചോര കുടിച്ച് അവയ്ക്കും മൗലികവാദത്തിന്റെ കൊമ്പ് മുളച്ചിട്ടുണ്ടാകുമോ?
ഇന്ന് തൂണുകള്‍കാഴ്ചയെ മറയ്ക്കുന്നില്ല. തിരശ്ശീലയില്‍ മഴ നനഞ്ഞു പടര്‍ന്ന ദാരിദ്ര്യത്തിന്റെ പാടുകളില്ല. പുറംലോകത്തിനൊത്ത് പി.സിയുടെ അകത്തളം മാറിയിട്ടുണ്ട്. എന്നാലും ആ ഇരുട്ടിനകത്ത് പല 
തലമുറയുടെ സമ്മിശ്ര ഗന്ധമുണ്ട്. ആ ഗന്ധത്തിലേക്ക് ഇനിയും തലമുറകള്‍ കടന്നുവരും. ഒന്നും നമ്മളില്‍ അവസാനിക്കുന്നില്ല. തുടര്‍ച്ചയുടെ കണ്ണികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
______________________________________________________

Sunday 8 April 2012


                നഷ്ടപ്പെട്ട ചലച്ചിത്രമേളകള്‍

               കേരളത്തിന്റെ അഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള നടന്ന രണ്ടായിരാമാണ്ട് കോഴിക്കോട്ടെ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത വര്‍ഷമാണ്. ഒരാഴ്ചക്കാലം നഗരക്കാഴ്ചകളിലും വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലുമൊക്കെ നിറഞ്ഞുനിന്നത് സിനിമ മാത്രമായി. പ്രേക്ഷകസാന്നിധ്യംകൊണ്ട് അതിശയിപ്പിച്ച ആ മേള മലബാര്‍ മേഖലക്ക് നല്‍കിയ ഊര്‍ജ്ജം നിസാരമായിരുന്നില്ല. കോഴിക്കോട്ടും മലപ്പുറത്തും കാസര്‍ഗോഡുമൊക്കെ നിരവധി ഫിലിം സൊസൈറ്റികള്‍ രൂപം കൊണ്ടു. ചലച്ചിത്ര അക്കാദമിയുടെ ഒരു റീജിയണല്‍ ഓഫീസ് കോഴിക്കോട്ട് തുടങ്ങി പ്രൊജക്ടറും കാസറ്റ്കളും ലഭ്യമാക്കുകയും കൂടി ചെയ്തപ്പോള്‍ ഫിലീം സൊസൈറ്റി പ്രസ്ഥാനം എഴൂപതൂകളിലൂം എണ്‍പതൂകളിലൂം ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയാര്‍ജ്ജിച്ചു. വിദൂര ഗ്രാമപ്രദേശങ്ങളില്‍പ്പോലൂം 'സിനിമാ പാരഡൈസോ'യും 'ദി കപ്പ്''ഉം 'ഡ‌ക്കലോഗ് 'ഉം ‍ഒക്കെ പ്രദര്‍ശിക്കപ്പെട്ടു.
 
          തൊട്ടടുത്ത വര്‍ഷം അറിയപ്പെടുന്ന സിനിമാപ്രേമിയായ ശ്രീ. ജി. കാര്‍ത്തികേയന്‍ സാംസ്കാരിക വകുപ്പ് മന്ത്രിയും, സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായപ്പോള്‍ നല്ല സിനിമയുടെ പൂക്കാലം വരവായി എന്ന് തോന്നി. പക്ഷെ, മലബാറിലെ സിനിമാസ്വാദകരെ ഞെട്ടിക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. ആദ്യപടിയായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയായി തിരുവനന്തപുരം നിശ്ചയിച്ചു. ഒപ്പം അടൂരിന്റ വക ഒരു പ്രസ്താവനയും; നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ എവിടെയായാലും വന്ന് കണ്ടുകൊള്ളുമെന്ന്. കാനിലും ബര്‍ലിനിലും വെനീസിലുമെല്ലാം മുതല്‍മുടക്കില്ലാതെ നിരന്തരം മേളകള്‍ ആസ്വദിക്കുന്ന അദ്ധേഹത്തിന് അങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ. അതിലേറെ ക്രൂരമായിപ്പോയത് കോഴിക്കോട്ടെ ചലച്ചിത്ര അക്കാദമിയുടെ റീജിയണല്‍ ഓഫീസ് പ്രവര്‍ത്തനം     അവസാനിപ്പിച്ചതാണ്. തകരപോലെ മുളച്ച ഫിലീം സൊസൈറ്റികള്‍ പ്രൊജക്ടറും സിനിമകളും ലഭിക്കാതെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായി.

  പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ടാഗോര്‍ തിയേറ്ററില്‍ മാത്രമൊതുക്കിക്കൊണ്ട് തുടങ്ങിയ   ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ ചലച്ചിത്രമേള കോഴിക്കോട്ടുകാര്‍ക്ക് ഒരാശ്വാസമായിരുന്നു.    കഴിഞ്ഞ വര്‍ഷം മുതല്‍ അതും നിര്‍ത്തലാക്കി.
തിരുവനന്തപുരത്ത് പുതുതായി ഒരു ഓസ്കാര്‍ ചലച്ചിത്രമേള കൂടി തുടങ്ങിയിരിക്കുന്നു. ആ മേള ഉദ്ഘാടനം ചെയ്തു്കൊണ്ട് എട്ട് ലക്ഷം രൂപ അതിന്റെ നടത്തിപ്പിനായി പ്രഖ്യാപിച്ചപ്പോള്‍ സിനിമാമന്ത്രി ശ്രീ.കെ. ബി. ഗണേഷ് കുമാര്‍ കോഴിക്കോട്ടെ സിനിമാപ്രേമികളുടെ ഉള്ളില്‍നിന്നുയര്‍ന്ന നെടുവീര്‍പ്പുകള്‍ കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല.


സന്തോഷ്.പി.സി.