Sunday, 15 April 2012


 
ആത്മാവില്‍ കുത്തിക്കെടുത്തിയ ചൂട്ട്
                                                                                                        അനില്‍ കുരുടത്ത്                                                                                                  
    •   കെട്ടിന്റെ മുറുക്കത്തിനടുത്ത് കത്തിയെരിഞ്ഞു തീര്‍ന്ന ചൂട്ട്. കെടാന്‍കൂട്ടാക്കാതെ നില്‍ക്കുന്ന അതിന്റെ ഈര്‍ക്കില്‍ തുമ്പിലാണ് ഓര്‍മ്മയുടെ കനലെരിയുന്നത്. ആ ചൂട്ട് വാങ്ങിയത് ആമിനത്താത്തയുടെ ഉമ്മയുടെ കയ്യില്‍ നിന്നായിരുന്നു. അത്രയേ എനിക്കവരെപ്പറ്റി അറിയൂ. അവര്‍ക്ക് ചൂട്ടുകച്ചവടമുണ്ടായിരുന്നു. മുക്കം പി. സി. ടാക്കീസില്‍നിന്ന് ഒന്നാം കളിയും രണ്ടാം കളിയും കഴിഞ്ഞു വരുന്നവര്‍ അവരോട് ചൂട്ട് വാങ്ങിയിരുന്നു. പി.സി റോഡിന്റെ ഓരത്തിരുന്നാണ് അവര്‍ ചൂട്ട് വിറ്റിരുന്നത്. അന്ന് ആ റോഡിന് ഈ പേരായിരുന്നോ എന്നറിയില്ല.

വീട്ടുകാര്‍ക്കൊപ്പം പി.സി.യില്‍നിന്ന് സിനിമ കണ്ട് ഇറങ്ങിവരുമ്പോള്‍ ചൂട്ട് വാങ്ങാറുണ്ടായിരുന്നു. വീട്ടുമുറ്റം വരെ ഇരുട്ടിനെ വകഞ്ഞുമാറ്റി നടക്കും. ചൂട്ട് മുറ്റത്ത് കുത്തിക്കെടുത്തി വീടിനകത്തുകയറും. തിരി‍‍ഞ്ഞുനോക്കിയാല്‍ ആ ചൂട്ടിന്‍തുമ്പത്ത് പിന്നെയും കനലെരിയുന്നതു കാണാം. അതിന്റെ ഇത്തിരിവെട്ടം പോലെ മുക്കം പി.സി. മുക്കത്തുകാരന്റെ മനസ്സിലുണ്ട്. അവന്റെ പരിണാമത്തിന് സാക്ഷ്യം വഹിച്ച ആ സിനിമാശാല പഴമയുടെ ചില അടയാളങ്ങളെങ്കിലും അവശേഷിപ്പിച്ച് ഇപ്പോഴുമുണ്ട്.

എങ്ങനെയാണ് നാട്ടിലെ സിനിമാശാല ജനതയുടെ ജീവിതത്തില്‍ ഇടപെടുന്നതെന്ന് എനിക്ക് കാണിച്ചു തന്നത് 'സിനിമാ പാരഡൈസൊ' എന്നൊരു വിദേശ സിനിമയാണ്. മുക്കം പി.സി മുക്കത്തുകാരുടെ ആത്മാവില്‍ എങ്ങനെയായിരിക്കാം വേരോടിക്കുക എന്നൊരു ചിന്തയും അപ്പോഴുണ്ടായി.

കളിപ്പാട്ടങ്ങളില്‍ കൗതുകമുണര്‍ത്തുന്ന കൊച്ചുനാളുകളില്‍ തന്നെ പി.സിയെ ഞാന്‍ അറിഞ്ഞു തുടങ്ങിയിരുന്നു. പേരറിയാത്ത സിനിമകളിലെ കളിപ്പാട്ടങ്ങളിലും കൊതിയൂറുന്ന ഭക്ഷണ സമൃദ്ധിയിലുമായിരുന്നു എന്റെ കണ്ണ്. ഭക്ഷണവും കളിപ്പാട്ടങ്ങളും കണ്ട് കൊതിച്ചു കരയാനുള്ള ഇടമായിരുന്നു അന്നെനിക്ക് പി.സി.

മുക്കത്ത് ഹാജ്യാരുടെ കടയില്‍നിന്ന് വാങ്ങിയ ഒരു തകരപ്പെട്ടിയുണ്ടായിരുന്നു വീട്ടില്‍. അതു നിറയെ പച്ചയും ചുവപ്പും നീലയും വയലറ്റും നിറങ്ങളിലുള്ള സിനിമാനോട്ടീസുകളായിരുന്നു. എല്ലാം മുക്കം പി.സിയില്‍ കളിച്ചിരുന്ന സിനിമകളുടേത്. അതെനക്ക് എന്റെ പുസ്തകങ്ങള്‍ പോലെതന്നെ പ്രിയപ്പെട്ടതായിരുന്നു. ഏറെ കഷ്ടപ്പെട്ട് കരസ്ഥമാക്കുന്നവയായിരുന്നു ഓരോ നോട്ടിസും. സിനിമ മാറിയ വിവരം ഓരോ കവലയിലും ചെന്ന് ചെണ്ടകൊട്ടി അറിയിച്ചിരുന്ന കാലമായിരുന്നു അത്. വിളിച്ചറിയിക്കലുകാരന്റെ പിന്നാലെ രണ്ടു കിലോമീറ്ററെങ്കിലും ഓടിയാലേ ഒരു നോട്ടീസ് കിട്ടൂ. കുട്ടികള്‍ക്കെന്തിന് സിനിമാനോട്ടീസ് എന്നായിരിക്കണം ചെണ്ടകൊട്ടുകാരന്‍ ചിന്തിച്ചിരുന്നത്. സത്യനും പ്രേംനസീറും മധുവും സോമനും രാഘവനും സുധീറും വിന്‍സെന്റും ജയനുമൊക്കെയായി മലയാളസിനിമ വേഷം മാറിയ ചരിത്രം പല നിറങ്ങളിലുള്ള നോട്ടീസുകളായി ഏറെക്കാലം പെട്ടിയില്‍ കിടന്നു.

ബാല്യത്തില്‍ പി.സി എനിക്കു സമ്മാനിച്ചത് മനസ്സു നിറയെ വ്യസനങ്ങളായിരുന്നു. മുതിര്‍ന്നെന്ന തോന്നലുമായി വീട്ടുകാര്‍ക്കൊപ്പം ബാല്യത്തിന്റെ ശാഠ്യവുമായി പി.സിയിലെ ഉഷ്ണത്തിലിരുന്നിട്ടുണ്ട്. കഥാപാത്രങ്ങളുടെ വേദനയില്‍ മനം നൊന്തു. ' ദേവദാസും ' 'രമണനും ' 'ലൈലാമജ്നു'വും 'ബാബുമോനും' 'യത്തീ'മുമെല്ലാം മനസ്സിനെ വേദനിപ്പിച്ചു. ആരും കാണാതെ കരയണമെന്ന് കരുതിയിട്ടും മറ്റുള്ളവര്‍ കണ്ടുപിടിച്ചു.

അന്ന് നാലു ഭാഗങ്ങളായാണ് സിനിമ കളിച്ചിരുന്നത്. മൂന്ന് ഇടവേളകളുണ്ടാകും. ഇടവേളകളില്‍ പാട്ടുപുസ്തകങ്ങളും കടലയും കൊണ്ടുനടന്ന് വില്‍ക്കുമായിരുന്നു. ഇടവേളകളിലെ കരച്ചിലുകള്‍ പാട്ടുപുസ്തകങ്ങള്‍ക്കുവേണ്ടിയുള്ളതായിരുന്നു. അത് പരസ്യമായ കരച്ചിലായിരുന്നു. ആ കരച്ചിലിനു മുമ്പില്‍ വീട്ടുകാര്‍ കീഴടങ്ങിയതായി ഓര്‍മ്മയില്ല. കുറച്ചുകൂടി മുതിര്‍ന്ന് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സിനിമയ്ക്കു പോകാറായപ്പോള്‍ പാട്ടുപുസ്തകം വാങ്ങാനുള്ള പൈസയും കയ്യില്‍ കരുതാന്‍ തുടങ്ങി. മുന്‍ബെഞ്ചിലിരുന്ന് പി.സിയെ അടുത്തറിഞ്ഞ കാലമായിരുന്നു അത്.
കൗമാരത്തിന്റെ കുസൃതിയില്‍ പി.സി ആവേശമായി. ഇരിപ്പിടങ്ങളോടുള്ള അഭിനിവേശം. ക്യൂവില്‍ നിന്നും ക്യൂ തെറ്റിച്ചും ഉന്തും തള്ളുമുണ്ടാക്കിയും വിയര്‍ത്തൊലിച്ച് അകത്തുകയറി സിനിമ കണ്ട നാളുകള്‍. എപ്പോഴോ കൂകിവിളിക്കാനും ബെ‍ഞ്ചിലടിച്ച് ഒച്ചയുണ്ടാക്കാനും പഠിച്ചു.

മുക്കത്ത് ഫിലീം സൊസൈറ്റികള്‍ സജീവമായിരുന്ന കാലം. ജനപ്രിയ സിനിമകളെന്നും, ബുദ്ധിജീവി സിനിമകളെന്നും സിനിമകളെ പേരിട്ടു വിളിക്കാന്‍ അറിയാത്ത സമയം. മുക്കം ഹൈസ്കൂളില്‍ നിന്ന് മറ്റുകുട്ടികള്‍ക്കൊപ്പം വരിവരിയായി നടന്നുവന്ന് അദ്ധ്യാപകരുടെ മുന്നില്‍ അനുസരണയോടെ പി.സിയില്‍ കയറി നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ' ഉത്തരായണ'വും 'സ്വയംവര'വും 'കുമ്മാട്ടി'യുമൊക്കെ കണ്ടിട്ടുണ്ട്. തിരിച്ചറിവു വളരുന്ന കാലത്തിനു മുന്‍പുതന്നെ നല്ല സിനിമകള്‍ കാണാന്‍ ഭാഗ്യമുണ്ടായത് മുക്കത്തു പിറന്നതുകൊണ്ട് മാത്രമായിരിക്കണം.

യൗവനം ത്രസിച്ചതും പ്രണയം ചേക്കേറിയതും കാലത്തെ അടുത്തറിഞ്ഞതും പി.സിയില്‍നിന്നായിരുന്നില്ലേ? കരുണയുടെയും സ്നേഹത്തിന്റെയും നെയ്ത്തിരി മനസ്സില്‍ മുനിഞ്ഞു കത്താന്‍
തുടങ്ങിയത് ഇവിടെ നിന്നല്ലെ? പൊറുക്കാനും സഹായിക്കാനും കഴിയുന്നൊരു മനസ്സ് പാകപ്പെട്ടതും ഇവിടെ നിന്നല്ലെ? മുക്കത്തുകാരാ, നിങ്ങളും എന്നെപ്പോലെയല്ലേ.......?

ഇന്നും പഴയ ദിക്കില്‍ പഴയ മുഖഭാവത്തോടെയല്ലെങ്കിലും പി.സിയുണ്ട്. പുറംലോകത്തിനനുസരിച്ച്
പി.സിയുടെ ആത്മാവ് പാകപ്പെട്ടു. ഉഷ്ണത്തിലേക്ക് ഓട്ടവെയില്‍ വീഴുന്ന പകലുകളില്ല. മഴ പെയ്താല്‍ കുട ചൂടേണ്ട കാര്യമില്ല. അസൗകര്യങ്ങളുടെ ഇരിപ്പിടങ്ങളും കാലം മാറ്റി. മൂട്ടകള്‍ കുടിയേറിയ ബെഞ്ചുകള്‍ കസേരകള്‍ക്ക് വഴിമാറി. ജാതി ചോദിക്കാതെ, പറയാതെ ചോര കുടിച്ച് വിശപ്പടക്കിയ മതേതര മൂട്ടകള്‍ക്ക്
എന്തു പറ്റിയിട്ടുണ്ടാകും? ജാതി ചുവയ്ക്കുന്ന ചിലരുടെ ചോര കുടിച്ച് അവയ്ക്കും മൗലികവാദത്തിന്റെ കൊമ്പ് മുളച്ചിട്ടുണ്ടാകുമോ?
ഇന്ന് തൂണുകള്‍കാഴ്ചയെ മറയ്ക്കുന്നില്ല. തിരശ്ശീലയില്‍ മഴ നനഞ്ഞു പടര്‍ന്ന ദാരിദ്ര്യത്തിന്റെ പാടുകളില്ല. പുറംലോകത്തിനൊത്ത് പി.സിയുടെ അകത്തളം മാറിയിട്ടുണ്ട്. എന്നാലും ആ ഇരുട്ടിനകത്ത് പല 
തലമുറയുടെ സമ്മിശ്ര ഗന്ധമുണ്ട്. ആ ഗന്ധത്തിലേക്ക് ഇനിയും തലമുറകള്‍ കടന്നുവരും. ഒന്നും നമ്മളില്‍ അവസാനിക്കുന്നില്ല. തുടര്‍ച്ചയുടെ കണ്ണികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
______________________________________________________

No comments:

Post a Comment